ട്രീസ സിസ്റ്റെറിനെ പറ്റി എടുത്തു പറയേണ്ടതുണ്ട്. കാനോഷ്യന്‍ കോണ്‍വെന്റിന്റെ സ്വന്തം ട്രീസ സിസ്റ്റര്‍ . തുമ്പ വിക്രം സാരാഭായ് സ്പേസ് സെന്‍ററില്‍ ബി-ടെക് മെയിന്‍ പ്രൊജക്റ്റ് ചെയ്യാന്‍ വന്നതായിരുന്നു ഞങ്ങള്‍; ഞാനും ദീപയും. :) വി.എസ്സ്.എസ്സ്.സി യുടെ അടുത്ത് തന്നെ ഉള്ള തുമ്പ കാനോസ്ഷ്യന്‍ കോണ്‍വെന്റില്‍ ആണ് ഞങ്ങള്‍ക്ക് ഒരു മാസത്തേക്ക് താമസം ഒക്കെ ശരിയാക്കിയിരുന്നത്.
യാത്രാ ക്ഷീണം കൊണ്ട് അവശരായ ഞങ്ങള്‍ക്ക് മുറി കാണിച്ചു തന്നതും ചായ കുടിക്കാന്‍ ക്ഷണിച്ചതും ഒക്കെ ട്രീസ സിസ്റ്റര്‍ ആയിരുന്നു . സ്നേഹം തുളുമ്പുന്ന , നല്ല മനസുള്ള പൊക്കം കുറഞ്ഞ ഒരു മദ്ധ്യ വയസ്ക . ഫ്രോക്ക് പോലെയുള്ള തവിട്ടു നിറത്തിലെ തന്‍റെ കന്യാസ്ത്രീ വേഷത്തില്‍ അവര്‍
ഒരു മാലാഖയായി എനിക്ക് തോന്നിച്ചു . കോളെജിലെ കടുപ്പക്കാരികളായ അദ്ധ്യാപകരെ കണ്ടിട്ട് എങ്ങനെ ഒരു സ്നേഹലാളനം കിട്ടിയപ്പോള്‍ വളരെ സന്തോഷം തോന്നി .
കാനോഷ്യന്‍ കോണ്‍വെന്റില്‍ ഒരുപാട് കന്യാസ്ത്രീകള്‍ ഉണ്ടായിരുന്നു . പക്ഷെ ട്രീസ സിസ്റ്റര്‍ ആ കോണ്‍വെന്റിന്റെ ഒരു നിറഞ്ഞ സാന്നിധ്യമായി വേറിട്ടു നിന്നു . കന്യാസ്ത്രീകളെ പറ്റിയുള്ള എന്‍റെ കേട്ടറിവുകളെയും, സങ്കല്പങ്ങളെയും അവര്‍ തച്ചുടച്ചു വാര്‍ത്തു. ഇവറ്റകള്‍ മനുഷ്യപറ്റില്ലത്തവരാണെന്നും , കുശുമ്പും കുന്നായ്മയും ഇവരുടെ കൈയീന്നു പോയിട്ടുണ്ടെങ്കിലെ ഉള്ളൂ എന്നും ഒക്കെയാണ് എല്ലാവരും എന്നെ ധരിപ്പിച്ചിരുന്നത്.
കാനോഷ്യന്‍ കോണ്‍വെന്‍റ് പ്രധാനമായും റിട്ടയേര്‍ഡ് ആയ കന്യാസ്ത്രീകളുടെ ഒരു ഓള്‍ഡ് അജ് ഹോം തന്നെ ആണെന്ന് പറയാം. ട്രീസ സിസ്റ്റ്റും വിരമിച്ചതാണ് , പക്ഷെ ഒരുപാട് ജരാനരകള്‍ ആയിട്ടിലെന്നെ ഉള്ളൂ . മുക്കിയും മൂളിയും നടക്കുന്ന വയോധികരായ കന്യാസ്ത്രീകളും , അനേകം
പുഷ്പച്ചെടികളും, പൂച്ചക്കുട്ടികളും, കോഴികളും, മുയലും, പന്നിയും, പശുവും ഒക്കെയുള്ള കാനോഷ്യന്‍ കോണ്‍വെന്‍റ്.
ഒന്നും പോരാഞ്ഞ് ഒരു ഓര്‍ഫനെജും . അവിടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നാനാജാതി മതസ്ഥരുടെ പെണ്‍മക്കള്‍ താമസിച്ചു , അടുത്തുള്ള സ്കൂളില്‍ പഠിക്കുന്നു . അവരുടെ ജീവിതം എന്നെ അമ്പരപ്പിച്ചു . വളരെ നേരത്തെ തന്നെ എഴുന്നേറ്റു ചിലര്‍ മുറ്റമടിക്കുന്നു . ബാക്കിയുള്ളവര്‍
അടുക്കളയില്‍ സഹായിക്കുന്നു . ആറു മുതല്‍ പതിനാലു വയസു വരെയുള്ള കൊച്ചു കുട്ടികള്‍!
അച്ഛനമ്മമാരുടെ സംരക്ഷണത്തില്‍ വളര്‍ന്ന ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് ഞാന്‍ ഓര്‍ത്തു. ദൈവം കനിഞ്ഞു തന്ന സൗഭാഗ്യങ്ങളൊക്കെ കാണാതെ, അറിയാതെ ജീവിച്ചവള്‍!! ശ്ശൊ ..!! ഒരു ആത്മപുച്ഛം തോന്നാതെയിരുന്നില്ല .ആ കുട്ടികളുടെ ജീവിതത്തിലെ അച്ചടക്കം കണ്ടു ഞാന്‍ അന്തം വിട്ടുപോയി . സ്കൂള്‍ വിട്ടു വന്ന ശേഷം വൈകുന്നേരങ്ങളില്‍ ചിട്ടയായ ക്രമം അനുസരിച്ച് ആഹാരവും കുളിയും പഠിത്തവും. അതിനു ശേഷം സന്ധ്യാ പ്രാര്‍ത്ഥനയും പാട്ടുകളും ഒക്കെ ദിക്ക് മുഴങ്ങുമാറ് ആ കുട്ടിക്കൂട്ടം ഒരുമിച്ചു ഉരുവിട്ടു. ചിലപ്പോഴൊക്കെ ജപമാലയും ചൊല്ലി മെഴുകുതിരികള്‍ ഒക്കെ കത്തിച്ചു പിടിച്ചു അവര്‍ കോണ്‍വെന്റിന്റെ അകത്തു പ്രദക്ഷിണം നടത്തി . ഞായറാഴ്ചകളില്‍ വൈകുന്നേരം അവര്‍ സിസ്റ്റര്‍മാരോടോത്ത് ടി വി കണ്ടു. അവരുടെ കൊച്ചു ലോകത്തില്‍ അവര്‍ വളരെ സന്തുഷ്ടരായി കാണപ്പെട്ടു .
കുട്ടികള്‍ക്ക് മാത്രമല്ല , അവിടെയുള്ള എല്ലാവര്‍ക്കും ആ കോണ്‍വെന്‍റും പള്ളിയും ഒക്കെ തന്നെയായിരുന്നു ലോകം. ട്രീസ സിസ്റ്ററും അങ്ങനെ തന്നെ. ആ കോണ്‍വെന്‍റ് ആണ് അവര്‍ക്ക് എല്ലാം. ചെടികള്‍ക്ക് എല്ലാം പുള്ളിക്കാരിയുടെ പ്രത്യേക പരിഗണന ലഭിച്ചു . അടുക്കളയില്‍ എപ്രോണ്‍ കെട്ടി കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും അവര്‍ തന്നെ. ഓര്‍ഫനെജിലെ കുട്ടികളുടെ കാര്യങ്ങള്‍ ആലിസ് സിസ്റ്റര്‍ ആണ് നോക്കുന്നതെങ്കിലും, അവരുടെ പഠിത്തില്‍ ശ്രദ്ധിക്കാനും മാര്‍ഗനിദ്ദേര്‍ശങ്ങള്‍ കൊടുക്കാനും , അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ട്രീസ സിസ്റ്റര്‍ ഇപ്പോഴും ഉണ്ട്. വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തിലും ആയമ്മക്ക് പ്രത്യേക ശ്രദ്ധയുണ്ട്. ഞങ്ങളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതും വേറെ ആരും അല്ല. അങ്ങനെ , കാനോഷ്യന്‍ കോണ്‍വെന്റിന്റെ കാതലായി , പോരുളായി , ട്രീസ സിസ്റ്റര്‍ ; the mistress of canossian convent !!
പക്ഷെ എല്ലാത്തിനും ഉപരിയായി അവരുടെ ഹൃദയത്തില്‍ നിന്നും പലപ്പോഴും അറിയാതെ തുളുമ്പി പോകുന്ന മാതൃവാത്സല്യമാണ് എന്നെ സ്തബ്ധയാക്കിയത്.
രാവിലെ പ്രാതല്‍ കഴിച്ച ശേഷം ലഞ്ച് ബോക്സുകള്‍ താഴെ നിന്നും എടുത്തിട്ടാണ് ഞാനും ദീപയും പോകാറ്. അതില്‍ ചോറും , ഒരു തോരനും , അച്ചാറും , പിന്നെ മീനോ മുട്ടയോ പൊരിച്ചതും ഭദ്രമായി പായ്ക്ക് ചെയ്തിരിക്കും . അമ്മ വര്‍ഷങ്ങളായി ചെയ്യുന്ന പോലെ തന്നെ. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ ഭക്ഷണം ഞങ്ങളുടെ ഊണ് സമ്പന്നമാക്കി . പക്ഷെ അമ്മയെ പോലും കടത്തി വെട്ടി ട്രീസ സിസ്റ്റര്‍ എന്‍റെ ചെറിയ ചോറ്റുപാത്രത്തെ അതി നിശിതമായി വിമര്‍ശിച്ചു. ഇതിലും ചെറുതോന്നും കിട്ടിയില്ലേ എന്നും , വെറുതെയല്ല ഉണങ്ങി ഇരിക്കുന്നതെന്നും , ഇപ്പോഴത്തെ പിള്ളേര് ഇത് എന്തിന്‍റെ പുറപ്പാടാണെന്നും ഒക്കെ പറഞ്ഞു അവര്‍ അക്ഷരാര്‍ത്ഥത്തില്‍ എന്നെ നിര്‍ത്തി പൊരിച്ചു. അതും പോരാഞ്ഞ് അടുക്കളയുടെ ഏഴയലത്തൂടെ പോയ മനുഷ്യരെ ഒക്കെ എന്‍റെ ചോറ്റുപാത്രം വിളിച്ചു കാണിച്ചു കൊടുത്തു അവരുടെ വായില്‍ ഇരിക്കുന്നത് കൂടി എന്നെ കേള്‍പ്പിച്ചു . എന്നിട്ട് , മനുഷ്യന്‍ എങ്ങനെ ഇതില്‍ ചോറ് നിറയ്ക്കും എന്ന് പറഞ്ഞു പരിതപിച്ചു വേറെ ചോറ്റുപാത്രം അന്വേഷിച്ചു പോയ സിസ്റ്റ്റെ ഒരു കണക്കിനാണ് ഞാന്‍ അനുനയിപ്പിച്ചു ആ പാത്രം ഏല്‍പ്പിച്ചു പോന്നത് ; ഇനി വീട്ടില്‍ പോയി വരുമ്പോള്‍ വലിയ പാത്രം കൊണ്ട് വരാം എന്ന ഉറപ്പിന്മേല്‍!
' വല്ല കാര്യോം ഉണ്ടാര്ന്നോ ?' ദീപ സ്വതവേ എന്നെ നോക്കി ചിരിക്കാരുള്ള ആ ദയനീയമായ ചിരി പുറത്തെടുത്തുകൊണ്ട് ചോദിച്ചു. ഹിഹി...ഞാന്‍ ചിരിച്ചു കൊണ്ട് ഗോവണി കയറി മുകളിലേക്ക് പറന്നു.
ആ ശകാരം എന്‍റെ ചുണ്ടുകളില്‍ ചിരിയും മനസ്സില്‍ സന്തോഷവും നിറച്ചു. ആയമ്മയുടെ വേവലാതി കാണേണ്ടത് തന്നെയായിരുന്നു. അത് അവരുടെ മനസ്സിലെ സ്നേഹം വെളിവാക്കി. ഞങ്ങളുടെ കൂടെ മരിയന്‍ എഞ്ചിനീയറിംഗ് കോളെജിലെ പെണ്‍കുട്ടികളും ഉണ്ടായിരുന്നു. മൊത്തമായി ഒരു പത്തു പേയിംഗ് ഗസ്റ്റ് . ഞങ്ങള്‍ എല്ലാവര്‍ക്കും ഉച്ചക്ക് ചോറ് കൊണ്ട് പോകണം .മേല്‍പ്പറഞ്ഞ ലഞ്ച് പാക്കിംഗ് അടുക്കളയിലെ ജോലിക്കാരുടെ ഉത്തരവാദിത്തമാണ്. ഒരു ദിവസം ലഞ്ച് ബോക്സ് സബ്മിറ്റ് ചെയ്യാന്‍ വൈകിയ ഞാന്‍ അടുക്കളയില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച്ച : മറ്റു ജോലിക്കാര്‍ എന്തോക്കെയോ ചെയ്യുന്നു . എപ്രോണ്‍ധാരിയായ ട്രീസ സിസ്റ്റര്‍ കഴുകിയ ചോറ്റുപാത്രങ്ങള്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ച് ചോറ് ഊറ്റി വച്ചിരിക്കുന്ന കുട്ടയുടെ അടുത്തേക്ക് കൊണ്ട് പോകയാണ്. ഞാന്‍ എന്‍റെ പാത്രവുമായി അകത്തു ചെന്നു. എന്നെ കണ്ടതും അവരുടെ മുഖം തെല്ല് വാടി. ഒരു കള്ളത്തരം പുറത്തായ ഭാവം പെട്ടെന്ന് ആ മുഖത്ത് മിന്നി മാഞ്ഞു . കോണ്‍വെന്റില്‍ മദര്‍ കഴിഞ്ഞാല്‍ ഏറ്റവും സ്ഥാനമുള്ള സിസ്റ്റര്‍ എന്തിനാണ് ഈ അടുക്കള പണി ഒക്കെ ചെയ്യുന്നതെന്ന് ഞാന്‍ മനസ്സില്‍ ഓര്‍ക്കതെയിരുന്നില്ല . വാട്ടര്‍ ബോട്ടില്‍ നിറച്ചു ഞാന്‍ തിരിച്ചു പോകുമ്പോള്‍ വെറുതെ അടുക്കളയിലേക്ക് ഒന്ന് കൂടി എത്തി നോക്കി. അപ്പോള്‍ അവിടെ ആരെയും അടുപ്പിക്കാതെ ട്രീസ സിസ്റ്റര്‍ സ്വയം എല്ലാ പാത്രങ്ങളും നിറയ്ക്കുകയാണ് . സ്വന്തം കുഞ്ഞിനു ചോറ് വാരി കൊടുക്കുന്ന ഒരു ഭാവം മുഖത്ത്. ഈ ജോലി അവര്‍ ഒരു അവകാശമാക്കി വച്ചിരിക്കുകയാണെന്ന് എനിക്ക് മനസിലായി.ഞാന്‍ വേഗം മുകളിലേക്ക് കയറി പോയി. എനിക്ക് വിശ്വസിക്കാനായില്ല. എല്ലാ ദിവസവും എന്‍റെ ചോറ്റുപാത്രം വൃത്തിയായി മേശപുറത്തു നിറച്ചു വയ്ക്കുന്നത് ട്രീസ സിസ്റ്റര്‍ !
ചെറിയ കാര്യമാണ് ; പക്ഷെ ഇങ്ങനെയുള്ള നിസ്സാരമായ കാര്യങ്ങളാണ് പലപ്പോഴും ഒരു വ്യക്തിയുടെ മനസ്സിന്‍റെ ആഴവും പരപ്പും ഒക്കെ നമ്മുക്കു മനസിലാക്കി തരുന്നത് . വൈകുന്നേരങ്ങളില്‍ കടപ്പുറത്ത് പോകാന്‍ ഞങ്ങള്‍ക്ക് സിസ്റ്ററിന്‍റെ അനുവാദം കൂടിയേ തീരൂ . പക്ഷെ പലപ്പോഴും ആളെ അന്വേഷിച്ചാല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് . ചിലപ്പോള്‍ അവര്‍ കുട്ടികളുടെ അടുത്തായിരിക്കും; അല്ലെങ്കില്‍ കൊപ്രയോ കുരുമുളകോ ഉണക്കാന്‍ നടക്കുകയായിരിക്കും ; അതും അല്ലെങ്കില്‍ പശു തൊഴുത്തില്‍ ആയിരിക്കും. അവിടെയുമില്ലെങ്കില്‍ പിന്നെ പ്രാര്‍ത്ഥന മുറിയിലോ ഓഫീസിലോ പള്ളിയിലോ ഉണ്ടെന്നു ഊഹിക്കേണ്ടി വരും. ഒരിക്കലും സിസ്റ്റര്‍ വെറുതെ ഇരുന്നു ഞാന്‍ കണ്ടിട്ടേയില്ല . പലപ്പോഴും "സിസ്റ്റര്‍ ട്രീസാ ...." വിളികളാല്‍ ആ കോണ്‍വെന്‍റ് മുഖരിതമാകും . ഒരിക്കല്‍ ഞങ്ങള്‍ ബീച്ചില്‍ പൊയ്ക്കോട്ടെ എന്നു ചോദിയ്ക്കാന്‍ ചെല്ലുമ്പോള്‍ സിസ്റ്റര്‍ അടുക്കളയില്‍ നെല്ലിക്ക കഴുകികൊണ്ടിരിക്കയാണ് . എല്ലാം തന്നെ ചെയ്യും ; അതാണ് പുള്ളിക്കാരിയുടെ പ്രകൃതം . അനുവാദം തന്നതിനോപ്പം ഞങ്ങള്‍ രണ്ടു പേരുടെയും കൈയിലേക്ക് സിസ്റ്റര്‍ ഓരോ നെല്ലിക്കയും വച്ച് തന്നു. ഒരു ചെറിയ കുട്ടിയെ പോലെ ഞാന്‍ അതും വാങ്ങി ബീച്ചിലേക്ക് ഓടി. ചവര്‍പ്പ് സഹിച്ചു ഞാന്‍ ആ നെല്ലിക്ക മുഴുവന്‍ തിന്നു തീര്‍ത്തു . കാരണം , അത് വെറും നെല്ലിക്കയല്ലല്ലോ ...സ്നേഹ നെല്ലിക്കയല്ലേ...എന്‍റെ അച്ഛനും അമ്മയുമല്ലാതെ ആരും എനിക്ക് ഇത്ര സ്നേഹത്തോടെ ഒന്നും തന്നിട്ടില്ല. :)
വെള്ളത്തില്‍ ഒരുപാട് കളിക്കുന്നത് സിസ്റ്റര്‍ വിലക്കിയിരുന്നു . അവിടെ ആയിടെ ഒരാള്‍ വെള്ളത്തില്‍ മുങ്ങി മരിച്ചിരുന്നത്രേ . പക്ഷെ ഞാന്‍ ആവേശം മൂത്ത് കളി ഒക്കെ കഴിഞ്ഞു തിരിച്ചു നടന്നപ്പോള്‍ , നനഞ്ഞ എന്‍റെ ചുരിദാര്‍ നോക്കി പള്ളിയിലേക്ക് പോകുകയായിരുന്ന മറ്റു കന്യാസ്ത്രീകള്‍ എന്നെ സ്നേഹപൂര്‍വ്വം ശാസിച്ചു . ഭാഗ്യത്തിന് ട്രീസ സിസ്റ്റര്‍ അന്ന് എന്നെ കണ്ടില്ല ...ഇല്ലെങ്കില്‍ കണക്കായി പോയേനെ...:)
ഒരു വൈകുന്നേരം ഞങ്ങള്‍ക്ക് സിസ്റ്റര്‍ കസ്റ്റര്‍ഡ് ഉണ്ടാക്കി തന്നു. ഞങ്ങള്‍ക്ക് ഇഷ്ടപെടുമോ എന്ന് ഭയന്നാണ് അത് ഉണ്ടാക്കിയതത്രേ. നന്നായിട്ടുണ്ടെന്നു ഞങ്ങള്‍ പറഞ്ഞപ്പോള്‍ ആ മുഖം തെളിഞ്ഞു . വല്ല നാട്ടിലും ആയിരിക്കുമ്പോള്‍ ആരെങ്കിലും ഞങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു കാതോര്‍ക്കുമെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല .
ട്രീസ സിസ്റ്റര്‍ എപ്പോഴും ബിസി ആയിരുന്നു. എപ്പോഴും അവര്‍ പ്രസന്നയായി കാണപ്പെട്ടു . ആരോടും പരാതിയില്ല , പരിഭവമില്ല. എല്ലാവരുടെയും പരാതികള്‍ ആ കാതുകളില്‍ ആദ്യം എത്തി. ഒരിക്കല്‍ മാത്രം അവര്‍ സ്വന്തം കുടുംബത്തെ പറ്റി ഞങ്ങളോട് സംസാരിച്ചു, നിര്‍വികാരമായി . അവര്‍ ജോലി ചെയ്ത സ്ഥാപനങ്ങളെ പറ്റി പറഞ്ഞു. അദ്ധ്യാപികയായി വിരമിച്ച ശേഷം അവര്‍ ഇവിടെയായിരുന്നത്രേ . ശിഷ്ട കാലം ഈ കോണ്‍വെന്റില്‍ തന്നെ ചിലവഴിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്നും ഞങ്ങള്‍ക്ക് മനസ്സിലായി .
പ്രൊജക്റ്റ് ഒക്കെ തീര്‍ത്തു , ഞങ്ങള്‍ പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ മനസ്സുകൊണ്ട് ഞങ്ങളെ രണ്ടു പേരെയും സിസ്റ്റര്‍ അനുഗ്രഹിച്ചത് ഞാന്‍ അറിഞ്ഞു. മദറും ആലിസ് സിസ്റ്റ്റും ജപമാല ഒക്കെ തന്നു ഞങ്ങളെ സ്നേഹപൂര്‍വ്വം യാത്രയാക്കി. ഞങ്ങള്‍ മറയുന്നത് വരെ അവര്‍ വാതില്‍ക്കല്‍ നിന്നു ഞങ്ങളെ നോക്കി.
അവിടം വിട്ടു ഇറങ്ങുമ്പോള്‍ ; ഒരു കുഞ്ഞിനു പോലും പെറ്റമ്മ അല്ലാതിരുന്നിട്ടും , ഒരുപാട് കുഞ്ഞുങ്ങള്‍ക്ക് പോറ്റമ്മയായ ട്രീസ സിസ്റ്റര്‍ ഞങ്ങളുടെ മനസ്സിലെ ഒരു സ്നേഹ സാന്നിധ്യമായി . ദൈവത്തിന്‍റെ ദാസി, സ്വര്‍ഗത്തിന്‍റെ മണവാട്ടി , മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവള്‍ , നന്മയുടെ നിറകുടം , സ്നേഹത്തിന്‍റെ ഭണ്ഡാരം. കുറച്ചു നാളെ ഒപ്പം ഉണ്ടായിരുന്നുള്ളൂ എങ്കിലും ഞങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ച കന്യാസ്ത്രീ ...ട്രീസ സിസ്റ്റര്‍ !!
ഞാന്‍ ഒരിക്കലും മറക്കില്ല. !
[ ഈ പോസ്റ്റില്‍ കടന്നു കൂടിയിട്ടുള്ള അക്ഷര തെറ്റുകള്‍ സദയം ക്ഷമിക്കുക . മനപൂര്‍വമല്ല. കാരണം , മലയാളം ടൈപ്പ് ചെയ്യുക എന്ന് പറഞ്ഞാല്‍ പാടത്തെ പണി പോലെ അതി ദുഷ്കരമാണ്. കീബോര്‍ഡുമായി ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയാണ് ടൈപ്പിംഗ് കഴിയുമ്പോള്‍!! :) ]
No comments:
Post a Comment