കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നീലാകാശം. അവളുടെ കണ്ണുകളിലെ കലങ്ങിയ കരിമഷി ആകാശമാകെ പടര്‍ന്നുകിടക്കുന്നു. മഴ തോര്‍ന്നു. കണ്ണുനീര് തുടച്ചു ചിരിക്കാന്‍ തുടങ്ങുന്ന പെണ്‍കുട്ടിയെ പോലെ ആകാശത്ത് കാര്‍മേഘങ്ങള്‍ കിഴക്കോട്ട് യാത്രയാകുന്ന തിരക്കിലാണ്. കാര്‍മേഘങ്ങളുടെ ഈ നിശബ്ദ യാത്രക്ക് മൂക സാക്ഷികളായി എന്‍.ഐ.ടി. ലേഡീസ് ഹോസ്റ്റ്ലിലെ തെങ്ങിന് തലപ്പുകള്‍ തല കുമ്പിട്ടു നില്കുന്നു. ദൂരെ ഒരു ടെലിഫോണ്‍ ടവര്‍ അതിന്റെ അഗ്രം വരെ പച്ചിലച്ചാര്ത്തണിഞ്ഞു പച്ചപ്പിന്റെഒരു സ്മാരകമായി ഉയര്‍ന്നു നില്ക്കുന്നു .
അതെ, ഇനി മഴക്കാലമായി.
എവിടെയും പച്ചപ്പിന്റെ സ്മാരകങ്ങള്‍ പ്രതിക്ഷിക്കാം. പാതയോരങ്ങളും, മതിലുകളും , കല്ലുകളും , അങ്ങനെ നിശ്ചലമായതെന്തും ഇനി പായലിന്റെ ഇരകളാകും.
ഇതാ വീണ്ടും മഴയായി .
കണ്ണു തുടച്ച് ചിരിച്ച ആകാശം വീണ്ടും അറിയാതെ വിതുമ്പുകയാണ്.
ശാന്തവും നിശ്ചലവുമാണ് ഇവിടം ഇപ്പോള്‍ .
ജൂണ്‍ മാസത്തിന്റെ കുളിര്‍മ്മ എന്നെ തഴുകി .സന്ധ്യയായിട്ടുണ്ട് . ഇരുട്ട് വീണു തുടങ്ങി .
എന്നിട്ടും റോഡിന്റെ അപ്പുറത്തുള്ള ഗ്രൗണ്ടില്‍ പയ്യന്‍സ് കളി നിര്‍ത്താന്‍ ഭാവമില്ല. ഇന്ന് ഫുട്ബോള്‍ ആണ്.
ചിലപ്പോള്‍ ക്രിക്കറ്റ് ആയിരിക്കും. മഴയും, കളിയും തിമിര്‍ക്കുന്ന ആരവങ്ങള്‍ ഈ സന്ധ്യയെ പുല്കുകയാണ്.
ഗ്രൗണ്ട് കുതിര്‍ന്നു വെള്ളത്തില്‍ മുങ്ങിയാലും കോഴിക്കോട്ടുകാരുടെ കളിയോടുള്ള ആവേശം എങ്ങും കുതിരുന്നില്ല.
കമനീയമായ കുന്നമംഗലം-മുക്കം റോഡാണ് ജനലിലൂടെ നോക്കിയാല്‍ കാണുന്നത്.മൂന്നാം നിലയില്‍ ബാല്കണിയില്
ഇരുന്നു ഞാന്‍ ഇത് എഴുതുമ്പോള്‍ റോഡിലൂടെ ബസ്സുകളും ഓട്ടോറിക്ഷകളും ബൈക്കുകളും ഒക്കെ ചീറിപാഞ്ഞു പോകുന്നത് വ്യക്തമായി എനിക്ക് കേള്‍ക്കാം. വണ്ടികള്‍ മാത്രമല്ല, മഴയുടെ കൂട്ടുകാരായ തവളകളും, ചീവീടുകളും ഒക്കെ മത്സരിച്ചു ശബ്ദിച്ചുകൊണ്ടിരിക്കുന്നു.
മഴ അവയെ പ്രോത്സാഹിപ്പിക്കാനെന്നോണം ശക്തിയാര്‍ജ്ജിച്ചു , ആസ്വദിച്ചു പെയ്യുകയാണ്.
മഴയെ സ്നേഹിച്ചു മതിയാകാതെ, മലയാണ്മയെ സ്നേഹിച്ചു മതിയാകാതെ, ഞാന്‍ മഴതുള്ളികിലുക്കങ്ങള്ക്ക് കാതോര്‍ത്തു പുറത്തേക്കു കണ്ണും നട്ടു ഇരിക്കയാണ്. പച്ചപുതച്ചു നില്ക്കുന്ന കേരളത്തിന്റെ വശ്യ സൗന്ദര്യവും, മലയാളത്തിന്റെ നൈര്‍മല്യവും, മഴയുടെ താളവും എങ്ങനെ ഞാന്‍ സ്നേഹിക്കാതിരിക്കും? :) :)
നന്നേ ഇരുട്ടിയിരിക്കുന്നു. ഞാന്‍ തിരികെ റൂമില്‍ എത്തി. അഴലിന്റെ സഖിയുടെ കണ്ണുനീര് ഇനിയും വറ്റിയിട്ടില്ല. ജീവന്റെ തുള്ളികള്‍ ഭൂമിയെ ചുംബിക്കാന്‍ കൊതിച്ചു നീലാംബരത്തെ വിട്ടു മണ്ണിലേക്ക് വന്നണയുകയാണ്. ഒരു സന്ധ്യ കൂടി മെല്ലെ മയങ്ങി...